"ഇങ്ങളു ഇവിടേയും എത്തിയോ??" ഞാൻ അതിശയത്തോടെ ചോദിച്ചു.
ഞാൻ കാറിന്റെ ഡോറു തുറന്ന് അകത്തു കേറുന്നതിനു മുൻപേ പുളളി കാറിന്റെയകത്ത് ചാടി കേറി ഇരിപ്പുറപ്പിച്ചു. ഞാൻ സീറ്റ് ബെൽറ്റ് ഇട്ടപ്പോൾ പുളളിയോടായി പറഞ്ഞു,
"ദേ! എന്റെ കൂടെ യാത്ര ചെയ്യണമെങ്കിൽ സീറ്റ് ബെൽറ്റിടണം. ഇങ്ങളാ സീറ്റ് ബെൽറ്റൊന്നിട്ടേ." അതും പറഞ്ഞ് ഞാൻ സീറ്റ് ബെൽറ്റെടുത്തുകൊടുത്തു.
"എടീ പെണ്ണേ ... എന്നെ അനക്ക് മാത്രമേ കാണത്തൊളളൂ. അതുകൊണ്ട് പോലീസുകാരു അനക്ക് ഫൈനെഴുതുമെന്ന് ബേജറാവണ്ടാന്ന്." അതും പറഞ്ഞ് പുളളി സീറ്റിൽ ഒന്നുകൂടി നിവർന്നിരുന്നു.
"അതേ... ഞാൻ വണ്ടിയോടിക്കുന്നതിനെക്കുറിച്ച് എല്ലാവർക്കും വളരെ മോശമഭിപ്രായമാണു. 140-160 സ്പീഡിലാണു ഞാൻ ചവിട്ടി വിടുന്നത്. അതിന്റെയിടക്ക് എപ്പോ ബ്രേക്ക് ചവിട്ടുന്നതെന്നൊന്നും പറയാൻ പറ്റില്ല. ഈങ്ങളു തെറിച്ചുപോകാതിരിക്കാനാണു ഞാൻ പറയുന്നത്. എന്റെ ബാക്കി കഥ കേൾക്കണെങ്കിൽ മതി." അതും പറഞ്ഞ് ഞാൻ കാർ സ്റ്റാർട്ട് ചെയ്തു. അപ്പോഴെക്കും ആശാൻ സീറ്റ് ബെൽറ്റൊക്കെയിട്ട് എനിക്കൊരു ചിരിയും പാസ്സാക്കി.
ഞങ്ങളുടെ യാത്ര തുടങ്ങി. സായാഹ്ന സൂര്യൻ ആകാശ വിതാനത്തിൽ അങ്ങനെ സകല പ്രൗഢിയോടും കൂടി ജ്വലിച്ചു നിൽക്കുന്നു. എന്റെ ഓർമ്മകൾ ഞങ്ങളെ ഇരുപത് വർഷം പുറകിലേക്ക് കൊണ്ട് പോയി.
കുഞ്ഞായിരുന്നപ്പോൾ ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഞാൻ ഈ ഭൂമിയിൽ ജനിച്ചു വീണത് ഒരായിരം ചോദ്യങ്ങളുടെ കലവറയുമായിട്ടാണെന്ന്. പക്ഷേ എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുവാൻ ആരുമുണ്ടായിരുന്നില്ലാ. വീട്ടിൽ പപ്പയുളളപ്പോൾ സംസാരം എന്ന കാര്യം ബാൻഡാണു. മമ്മി പിന്നെ എപ്പോഴും മൗന വൃതത്തിലുമായിരിക്കും. അതുകൊണ്ട് എന്റെ ചോദ്യങ്ങൾക്കുൾക്കുളള ഉത്തരം ഞാൻ തന്നെയായിരുന്നു എന്നും കണ്ടുപിടിക്കുന്നത്.
ആ ചോദ്യങ്ങളിൽ ഒന്നായിരുന്നു,
"അപ്പോ ആരു സ്വർഗ്ഗത്തിൽ പോകും????"
ക്രിസ്ത്യാനികൾ പറയുന്നു അവരു മാത്രമേ സ്വർഗ്ഗത്തിൽ പോകൂന്ന്. അന്നത്തെ എന്റെ ഏറ്റവും വലിയ ആശ്വാസങ്ങളിലൊന്ന് ഞാനൊരു ക്രിസ്ത്യാനി ആയിരുന്നു എന്നുളളതായിരുന്നു.
അങ്ങനെയിരിക്കുമ്പോളാണു ഹിന്ദു മതത്തെക്കുറിച്ചും മുസ്ലീം മതത്തെക്കുറിച്ചും അറിയുവാനിടയായത്. അപ്പോ ഞാനറിഞ്ഞു അവർക്കും സ്വർഗ്ഗവും നരകവുമൊക്കെയുണ്ടെന്ന്. എനിക്കാകെ മൊത്തം കൺഫ്യൂഷനായി. എന്റെ ഏറ്റവും വലിയ വേവലാതി ഇനി ഹിന്ദുക്കളും മുസ്ലീങ്ങളും മാത്രമേ സ്വർഗ്ഗത്തിൽ പോകത്തൊളളുവെങ്കിൽ ഞാൻ പിന്നെ എങ്ങോട്ട് പോകുമെന്നതായിരുന്നു.
കുറേ നാളു ആ ചോദ്യവുമായി ഞാൻ അലഞ്ഞു നടന്നു. അതിലും രസം ഇനി ഹിന്ദുക്കളേ സ്വർഗ്ഗത്തിൽ പോകുവെങ്കിൽ ഞാനതിനു പരിഹാരം കണ്ടത് ഇടക്ക് അടുത്തുളള അമ്പലത്തിൽ കൂട്ടുകാരുടെ കൂടെ ദീപാരാധന തൊഴുവാൻ പോയിയാണു. അവിടെ ചെല്ലുമ്പോളെ ഞാൻ പറയും,
"ദേ! ഞാനൊരു ക്രിസ്ത്യാനിപ്പെണ്ണാ. ഇവിടെ വന്ന് പ്രാർത്ഥിക്കുന്നവർക്കൊക്കെ ദേവി നീ അനുഗ്രഹം കൊടുക്കുമെന്ന് ഞാൻ കേട്ടിട്ടുണ്ട്. അപ്പോ എന്നേകൂടി സ്വർഗ്ഗത്തിൽ കൊണ്ടു പോകുവാൻ ഒന്നനുഗ്രഹിക്കണം."
ഞങ്ങടെ നാട്ടിൽ മുസ്ലീം പളളിയില്ലാത്തതുകൊണ്ട് അളളാഹുവിനെ മണിയടിച്ച് സ്വർഗ്ഗത്തിൽ പോകാമെന്നുളള എന്റെ പൂതി നടന്നില്ലാട്ടോ. പക്ഷേ അപ്പോളാരോ എന്നോട് പറഞ്ഞു ഞങ്ങൾ ക്രിസ്ത്യാനികളും മുസ്ലിംങ്ങളും ചേട്ടാനിയൻ മാരുടെ മക്കളാണെന്ന്. ഞങ്ങളുടെ യഹോവയും അവരുടെ അല്ലാഹുവും ഒരാളു തന്നെയാണെന്ന്. സത്യം പറയാമല്ലോ അത് അറിഞ്ഞേപ്പിന്നേയാണു എനിക്ക് സ്വർഗ്ഗത്തിലേക്കുളള ടിക്കെറ്റ് ഞാൻ ഉറപ്പിച്ചത്.
അങ്ങനെയിരിക്കുമ്പോളാണു നമ്മുടെ ഗാന്ധിയപ്പൂപ്പന്റെ കഥ എട്ടാം ക്ലാസ്സിൽ പടിക്കുമ്പോൾ ഇഗ്ലീഷ് രണ്ടാം പേപ്പർ ആയി പഠിക്കുവാൻ തുടങ്ങുന്നത്. ഗാന്ധിയപ്പൂപ്പനാണു എന്നെ പഠിപ്പിച്ചത് എല്ലാ മതങ്ങളുടേയും അന്തസത്തയും, അവരുടെ മത ഗ്രന്ഥങ്ങളും നമ്മളെ പഠിപ്പിക്കുന്നത് ഓരേ കാര്യം തന്നെയാണെന്ന്.ദൈവത്തിനു മതമില്ലേന്നും, എന്നിരുന്നാലും എല്ലാ മതങ്ങളേയും അവരുടെ നല്ല വിശ്വാസങ്ങളേയും ബഹുമാനിക്കണമെന്ന് ഞാൻ പഠിച്ചത് അദ്ദേഹിത്തിന്റെ പുസ്തകങ്ങളിലൂടെയാണു.
പിന്നീട് എന്നെ ആകർഷിച്ചത് ശ്രീ നാരായണ ഗുരുവിന്റെ ആശയങ്ങളായിരുന്നു,
"ഒരു ജാതി, ഒരു മതം, ഒരു ദൈവം"
"മനുഷ്യൻ എന്ന ജാതി , മാനവികത എന്ന മതം, സ്നേഹം എന്ന ദൈവം" അതായിരുന്നു എന്റെ മനസ്സിലെ സ്വർഗ്ഗത്തിനു ഞാൻ നൽകിയ ഉപസംഹാരം."
"എന്റ്മ്മോ!!!!!...."
ഞാൻ അങ്ങനെ തകർത്ത് കഥ പറഞ്ഞുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് ഒരു അലർച്ച ഞാൻ കേട്ടു. അത് മറ്റാരുമായിരുന്നില്ലാ എന്റെ ഒരു ബ്രേക്ക് ചവിട്ടിന്റെ ആഘാതത്തിൽ ഒന്ന് കുമ്പിട്ടതിന്റെ സൈറൺ പാവം പടച്ചോനിൽ നിന്ന് മുഴങ്ങിയതാണു.
"എടീ പെണ്ണെ ... നീയൊന്ന് പതുക്കെയൊക്കെ ചവിട്ട്. ഇങ്ങനെ പോയാൽ അന്റെ കഥ മുഴുവൻ കേൾക്കാൻ ഞാനുണ്ടാകുമോയെന്നാണു എന്റെ സംശയം." അതും പറഞ്ഞു പാവം ഒരു ദീർഘ ശ്വാസം വിട്ടു.
"ഈയ്യ് പറഞ്ഞത് ശരിയാ... ശരിക്കും മതങ്ങളും മതഗ്രന്ഥങ്ങളുമൊക്കെ മാനവികതയുടെ നന്മക്കായിട്ടാണു സൃഷ്ടിക്കപ്പെട്ടിട്ടുളളത്. പക്ഷേ അതിനെ ദുരുപയോഗം ചെയ്യുന്നത് കാണുമ്പോളാണു ഒരു പാട് ദുഃഖം തോന്നുന്നത്. മതത്തിന്റേയും ദൈവങ്ങളുടേയും പേരിൽ എന്തു പേക്കൂത്തുകളാണു കാണിച്ചുകൂട്ടുന്നത്" പടച്ചോനും തന്റെ ദുഃഖം പങ്കുവെച്ചു.
ഞാൻ തുടർന്നു
"പിന്നെ ഒരു കൂട്ടരുണ്ട് മതങ്ങളേയും ദൈവങ്ങളിലും വിശ്വാസമില്ലാത്തവർ. എനിക്ക് അവരെക്കുറിച്ച് പരാതികളൊന്നുമില്ലാ. പക്ഷേ ഈ ലോകത്തുളള കോടിക്കണക്കിനുളള മനുഷ്യർക്ക് സന്തോഷവും സമാധാനവും നൽകാൻ ഒരു മതത്തിനും അതിന്റെ വിശ്വാസങ്ങൾക്കും സാധിക്കുന്നുണ്ടെങ്കിൽ എന്തിനാണു മറ്റുളളവർ അതിനെക്കുറിച്ചു പുഛത്തോടെ കാണുന്നതെന്നും, മോശമായി സംസാരിക്കുന്നതെന്നും ഞാൻ ചിന്തിക്കാറുണ്ട്.
നമുക്കതിനെ അഭിപ്രായ സ്വാതന്ത്യമെന്നും പറയാം."
"പക്ഷേ ഞാൻ വിശ്വസിക്കുന്നത് ഈ പ്രപഞ്ചത്തിലെ പരമമായ ഒരു ശക്തിയാലാണു. ഈ പ്രപഞ്ചത്തെ മുഴുവൻ നിയന്ത്രിക്കുന്ന ഒരു ചൈതന്യം. അതിനു ക്രിസ്ത്യാനികൾ നൽകിയ പേരു യഹോവയെന്നാണു, മുസ്ലീംങ്ങൾ നൽകിയത് അല്ലാഹുവെന്നാണു, ഹിന്ദുക്കൾ പരമശിവനെന്നും ആ ശക്തിയെ വിളിക്കുന്നു ... ആരാധിക്കുന്നു..."
അപ്പോഴേക്കും ഞങ്ങൾ എന്റെ സ്ഥലത്ത് എത്തി. വണ്ടി പാർക്ക് ചെയ്തു ഞാൻ പടച്ചോനോട് ഒരു ചോദ്യം ചോദിച്ചു.
"ഇനി ഇങ്ങളു പറ. ഇങ്ങളു ആരുടെ പടച്ചോനാ????ക്രിസ്ത്യാനികളുടെയാണോ, ഹിന്ദുക്കളുടെയാണോ, മുസ്ലിംങ്ങളുടെയാണോ, അതോ ഈ ലോകത്തിലുളള മറ്റേതെങ്കിലും മതങ്ങളുടെ പടച്ചോനാണോ." ഞാൻ ആകാംഷയോടെ പടച്ചോനെ നോക്കി.
അദ്ദേഹം ഞാൻ ചോദിച്ച ചോദ്യത്തിനു ഉത്തരമായി പുഞ്ചിരിയോടു കൂടി ഒരു മറു ചോദ്യം തിരിച്ചു ചോദിച്ചു, " അനക്ക് ഞാൻ ആരുടെ ദൈവമായിട്ടാ തോന്നിയിട്ടുളളത്??".
ഞാൻ പട്ടെന്നുതന്നെ അതിനു മറുപടി പറഞ്ഞു, "ഇങ്ങളെന്റെ പടച്ചോനാ."
"അതാണു നിന്റെ ചോദ്യത്തിനുളള എന്റെ ഉത്തരവും. എല്ലാവരിലും ദൈവികതയുടെ ഒരംശം ഉണ്ട്. പക്ഷേ അതാരും ഒരിക്കലും കാണുന്നില്ലാ. അത് കണ്ടെത്തുന്നവർക്ക് അവരുടെ ദൈവത്തേയും കാണാം." അതും പറഞ്ഞു പുളളി പോകുവാനൊരുങ്ങി.
"വന്നാൽ ഒരു കാപ്പി കുടിച്ചിട്ടു പോകാം ഇങ്ങൾക്ക്." ഞാൻ പടച്ചോനോടായി പറഞ്ഞു.
"വേണ്ടാ... അന്റെ കാപ്പിയേക്കാൾ എനിക്കിപ്പം പത്യം ന്റെ മുബീന്റെ ബിരിയാണിയോടാ." അതും പറഞ്ഞു അദ്ദേഹം നടന്നകന്നു.
അദ്ദേഹം പോകുന്നതും നോക്കി ഞാൻ
എന്റെ കാറിൽ ചാരിയങ്ങനെ നിന്നു. കുറച്ചു ദൂരം ചെന്നിട്ട് തിരിഞ്ഞു നോക്കി അദ്ദേഹം എന്നോടായി പറഞ്ഞു, "അന്റെ മാഷ് സുഖായിട്ടിരിക്കുന്നു ട്ടോ."
ഞങ്ങൾ രണ്ടു പേരും പരസ്പരം നോക്കി ചിരിച്ചു. ആ ചിരിയിൽ ഞങ്ങൾക്ക് മാത്രം മനസ്സിലാകുന്ന ഒരു ഭാഷയുണ്ടായിരുന്നു... ഒരു നല്ല സൗഹൃദത്തിന്റെ ഭാഷ...
കാർത്തിക....
No comments:
Post a Comment