കഴിഞ്ഞയാഴ്ച്ച രാവിലെ ആറു മണിക്ക് ഡൂട്ടിക്ക് പോകുന്ന സമയത്ത് റേഡിയോയിൽ ഒരു പാട്ടുകേട്ടു... മണിച്ചിത്രത്താഴിലെ ഒരു മുറെയിൽ വന്തു പാർത്തായാ ... ആ സിനിമയും അതിലെ ഓരോ പാട്ടുകളും എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമ്മയാണു....
ഇരുപത്തൊന്ന് വർഷങ്ങൾ പുറകിലേക്ക് ആ പാട്ട് എന്നെ കൂട്ടിക്കൊണ്ടുപോയി.. ഞാൻ അഞ്ചാം ക്ലാസ്സിലും എന്റെ അനിയത്തി നാലാം ക്ലാസ്സിലും പഠിക്കുന്ന സമയം.. നാട്ടിലൊക്കെ റ്റിവിയും വി.സി.ആറുമൊക്കെ ആയി വരുന്ന സമയം. എന്റെ ഓർമ്മ ശരിയാണെങ്കിൽ ആ കാലത്ത് ഞങ്ങളുടെ സ്ഥലത്ത് എന്റെ തറവാട്ടിലാണു ആദ്യം റ്റിവി വരുന്നത്. എന്നാൽ വി.സി.ആർ ആദ്യം വരുന്നത് പപ്പയുടെ ചേട്ടന്റെ വീട്ടിലാണു. അതിന്റെ ഉദ്ഘാടനം ഞങ്ങൾ കുടുംബക്കാരും കുറച്ചു അയൽപക്കം കാരും ചേർന്ന് മണിച്ചിത്രത്താഴെന്ന സിനിമ കണ്ടുകൊണ്ട് നടത്തുവാൻ തീരുമാനിച്ചു...
അങ്ങനെ ഞങ്ങളുടെ ആറു കുടുംബക്കാർ കൂടിയപ്പോൾതന്നെ ഒരു കൊച്ചു മിനി തിയേറ്റർ സെറ്റ് അപ് ആയി. പക്ഷേ കഥ തുടങ്ങുന്നത് ഇനി ഇവിടം മുതലാണു...
എല്ലാവരും വളരെ ആഹ്ലാദത്തിൽ കുളിച്ചൊരുങ്ങി പോകുവാൻ തയ്യാറായി ഞങ്ങൾ ഒഴിച്ച്.. കാരണം പപ്പായൊട് അനുവാദം ചോദിക്കാൻ ഞങ്ങൾക്ക് പേടിയാണു... മമ്മി പോയി ചോദിച്ചപ്പ്പോൾ ഒരു മറുപടിയും കിട്ടിയുമില്ലാ.. ഞാനും എന്റെ അനിയത്തിയും വിഷണ്ണ വദനരായി എല്ലാവരും സിനിമക്ക് പോകുന്നതും നോക്കി അടുക്കള വശത്തുളള കുത്തുകല്ലേൽ നിറഞ്ഞ കണ്ണുകളോടെയിരിക്കുകയാണു...
കുറച്ചുകഴിഞ്ഞപ്പോൾ പപ്പയുടെ അനിയനും സോണിച്ചായനും ഞങ്ങളെ തിരക്കി വന്നു. ഞങ്ങളുടെ പ്രതീക്ഷകൾ എവിടെയോ പൂവണിയുവാൻ തുടങ്ങി. പാപ്പൻ ചോദിച്ചു, "നിങ്ങളാരും സിനിമക്ക് വരുന്നില്ലേ?".
മമ്മി പപ്പയെ ചൂണ്ടി ആഗ്യം മാത്രം കാണിച്ചു.
അപ്പാപ്പൻ പപ്പയോട് സംസാരിക്കുവാൻ തുടങ്ങി, "പാച്ചി, കുഞ്ചായന്റെ വീട്ടിൽ സിനിമയിടുന്നുണ്ട് ഞാൻ പിള്ളേരെ കൂട്ടുവാൻ വന്നതാ. അവിടെയെല്ലാവരുമെത്തി."
ഞാനും എന്റെ അനിയത്തിയും അടുക്കളയിലെ കതകിന്റെ വിടവിലൂടെ പപ്പയുടെ പ്രതികരണം അറിയുവാനുളള ആകാംക്ഷയിൽ ഓളിഞ്ഞു നോക്കികൊണ്ടിരിക്കുകയാണു.
പപ്പയൊന്നും പറയാതെ വന്നപ്പോൾ ഞങ്ങളുടെ മുഖത്ത് നിരാശ പടർന്നു. അ പ്പാപ്പൻ വീണ്ടും തുടർന്നു, "പാച്ചിയെന്താ ഒന്നും മിണ്ടാത്തത്. എല്ലാവരും സിനിമ കാണുമ്പോൾ ഇവരുമാത്രമില്ലാത്തത് ശരിയല്ല. അവരും കൂടി സിനിമ വന്നൊന്ന് കാണട്ടെ". എല്ലാവരും ആകാംക്ഷയോടെ പപ്പയുടെ മറുപടിക്കായി കാത്തിരിക്കുകയാണു.
അവസാനം ആ ഉത്തരം "ഉം ... "എന്ന ഒരു മൂളലായി ഞങ്ങൾ കേട്ടു. കതകിന്റെ പുറകിൽ നിന്ന ഞങ്ങൾ രണ്ടുപേരും സന്തോഷം കൊണ്ട് പരസ്പരം കെട്ടിപിടിച്ചു ...
ക്ലൈമാക്സ് ആയില്ലാട്ടൊ...
വളരെ ആഘോഷത്തോട് കൂടി ഞങ്ങളെല്ലാവരും ആ സിനിമ കണ്ടു... ആ സിനിമയിലൂടെയാണു ശോഭന എന്റെ ആരാധനാപാത്രമായി മാറുന്നത് . അത് കണ്ടുകഴിഞ്ഞപ്പോൾ മുതൽ എനിക്കും ഒരു നർത്തകിയാകണമെന്നുളള ആഗ്രഹമൊക്കെ എന്നിലും മൊട്ടിട്ടു...
നമ്മൾ ഏത് സിനിമ കണ്ടാലും രണ്ടു ദിവസത്തേക്ക് പിന്നെ ആ സിനിമയും അതിലെ കഥാപാത്രങ്ങളും നമ്മുടെ ചിന്തകളിലും സ്വപ്നത്തിലും കാണും... എന്തിനു ആ പാത്രങ്ങളായി ചിലപ്പോൾ നമ്മൾ ജീവിക്കുകകൂടി ചെയ്യും ...
അങ്ങനെ മണിച്ചിത്രത്താഴിലെ ഗംഗയെ ഞാനാവാഹിച്ചു രാത്രി പത്തരയായപ്പോൾ സിനിമയെല്ലാം കഴിഞ്ഞ് വീണ്ടും അപ്പാപ്പന്റെ കൈകളിൽ തൂങ്ങി വീട്ടിലോട്ട് തിരിച്ചു .... ഞാനും എന്റെ അനിയത്തിയും വളരെ സന്തോഷത്തിലായിരുന്നു ... അപ്പാപ്പൻ ഞങ്ങളെ വീട്ടിലാക്കി തറവാട്ടിലേക്ക് കയറിപോയി...
മമ്മിയോട് ഞങ്ങൾ സിനിമ വിശേഷങ്ങളൊക്കെ പറഞ്ഞുകൊണ്ടിരുന്നപ്പോൾ പപ്പയുടെ വിളിവന്നു, "രണ്ടും പേരും ഇങ്ങോട്ട് വന്നേ."
ഞാനും അനിയത്തിയും വളരെ സന്തോഷത്തോട് കൂടി പപ്പയുടെ അടുത്തേക്ക് ചെന്നപ്പോൾ ഞങ്ങളുടെ മുഖത്തെ ചിരിയും സന്തോഷവും പേടിയുടെ കാർമ്മേഘങ്ങളാൽ മൂടുന്നത് ഞങ്ങളറിഞ്ഞു ... പപ്പയുടെ അടുത്തേക്ക് വരുന്തോറും ഞങ്ങളുടെ കണ്ണുകൾ നിറയുവാൻ തുടങ്ങി ... പിന്നെ അവിടെ ഒരു പെരുന്നാളായിരുന്നു ... അടിയുടെ പെരുന്നാൾ ....
ആദ്യം എന്നെ കൈയ്കു തൂക്കിപിടിച്ചിട്ടടിച്ചു ... എന്നോടുളള ദേഷ്യം തീർന്നപ്പ്പോൾ എന്നെ ഒരു മൂലക്കിട്ടിട്ട് .. എന്റെ അനിയത്തിയെ അടിക്കുവാൻ തുടങ്ങി .. ഞങ്ങൾ രണ്ടു കുരുന്നുകളുടെ നിലവിളികൾ മാത്രം ആ വീട്ടിലും പരിസരപ്രദേശങ്ങളിലും മുഴങ്ങി... പാവം മമ്മി അതെല്ലാം കണ്ട് ദൂരെനിന്നു കരഞ്ഞു ... കാരണം പപ്പായെ തടുക്കാൻ ശ്രമിച്ചാൽ ഞങ്ങൾക്ക് കിട്ടുന്ന അടിയുടെ എണ്ണം കൂടും...
ഞങ്ങളുടെ നിലവിളി കേട്ട് അപ്പാപ്പനും ഓടി വന്നു...
ഞങ്ങളുടെ അവസ്ഥ കണ്ടു അപ്പാപ്പന്റെ കണ്ണുകളും നിറഞ്ഞു ... അപ്പാപ്പൻ ദേഷ്യപ്പെട്ടുകൊണ്ട് പപ്പായോട് ചോദിച്ചു, "പാച്ചിക്ക് താത്പര്യം ഇല്ലായിരുന്നുവെങ്കിൽ പിള്ളേരെ സിനിമക്ക് വിടണ്ടായിരുന്നു ... പാച്ചി സമ്മതിച്ചതുകൊണ്ടാണു ഞാൻ അവരെ സിനിമക്ക് കൊണ്ടുപോയത് .. ഇങ്ങനെ പിള്ളേരെ തല്ലിച്ചതക്കാനാണെങ്കിൽ എന്തിനാണു അയച്ചത് ... ഇത് എനിക്കിട്ട് തരേണ്ട തല്ല് അവർക്കിട്ടു കൊടുത്തു... ഇനി ഞാൻ ഒന്നും ചോദിക്കാൻ വരുന്നില്ലാ..." അതും പറഞ്ഞ് പാപ്പൻ വളരെ വിഷമത്തോടെ തറവാട്ടിലേക്ക് തിരിച്ചു പോയി...
ഞാനും എന്റെ അനിയത്തിയും മുറിയിലേക്ക് പോയി തലവണയിൽ മുഖം പൂഴ്‌ത്തീ കരച്ചിൽ തുടർന്നു ... കാരണം കരയുമ്പോൾ ശബ്ദം വെളിയിൽ വന്നാൽ വീണ്ടും കട്ടിലേൽ അടി വീഴും ... പാവം എന്റെ അനിയത്തി കരഞ്ഞു കരഞ്ഞുറങ്ങി ... അന്നത്തേക്ക് പിന്നെ അത്താഴം ഒന്നുമില്ലാട്ടോ .... ചോദിച്ചാലും കിട്ടില്ലാ ... അതുകൊണ്ട് വിശന്ന വയറുമായി കിടന്നുറങ്ങും ...
ഞാൻ പിന്നെയും വൈകി ഉറങ്ങി ... കാരണം അന്നും ചിന്തകൾക്ക് ദാരിദ്ര്യം ഇല്ലായിരുന്നുവെനിക്ക് ....
എന്റെ കൊച്ചു ഡയറയിൽ ദൈവത്തിനും സ്വർഗ്ഗത്തിലിരിക്കുന്ന ഞങ്ങളുടെ വല്യവല്യമ്മച്ചിക്കും ഒരു കത്തെഴുതി,
(ചെറുപ്പം മുതൽ ഞാൻ ദൈവത്തെ വിളിക്കുന്നത് അപ്പായെന്നാണു ... കാരണം പുള്ളിക്കാരനായിരുന്നു എന്റെ പിതാവ് ... എന്റെ സ്വപ്നങ്ങളിലെ എന്റെ അപ്പൻ..)
അപ്പാ..
എന്തിനാണു ഞങ്ങളുടെ പപ്പ ഞങ്ങളെയിങ്ങനെ ഉപദ്രവിക്കുന്നത്... ഞങ്ങൾ പപ്പയുടെ അനുവാദത്തോട് കൂടിയാണു സിനിമക്ക് പോയത് ... എന്നിട്ടും ... തല്ലുവാനായിരുന്നെങ്കിൽ പിന്നെയെന്തിനാണു ഞങ്ങളെ അതിനു വിട്ടത് ... എല്ലാവരും സിനിമ കണ്ട് സന്തോഷത്തോടിരിക്കുമ്പോൾ ഞങ്ങൾ മാത്രം കരയുകയാണു ... ഞങ്ങൾക്കെന്തിനാണു അപ്പാ ഇങ്ങനെയൊരു പപ്പായെ തന്നത് ..."
കുരുന്നു മനസ്സിൽ ഉയർന്ന നൂറു ചോദ്യങ്ങൾക്ക് ആരും ഉത്തരം നൽകിയില്ലാ .. പകരം അവൾ തന്നെ അതിനു ഉത്തരവും കണ്ടെത്തി...
"ഇനിയൊരിക്കലും ഞങ്ങൾ ഒന്നും പപ്പായോട് ചോദിക്കില്ലാ .... എന്റെ ജീവിതത്തിൽ ഞാൻ ആരേയും വേദനിപ്പിക്കില്ലാ ... ഞാൻ കാരണം ആരുടേയും കണ്ണുനിറയുവാൻ ഇടവരുത്തുകയുമില്ലാ .... എനിക്ക് കുട്ടികൾ ഉണ്ടാകുമ്പോൾ ഞാൻ അവരെ ഒരുപാടു സ്നേഹിക്കും ... അവരെ ഞാനൊരിക്കലും വേദനിപ്പിക്കില്ലാ..."
അന്ന് എന്റെ ഡയറിയിൽ കുറിച്ച ആ വരികൾ ജീവിതത്തിൽ പാലിക്കുവാൻ എന്നും ശ്രമിച്ചുവെങ്കിലും പക്ഷേ വിധിയെനിക്ക് സമ്മാനിച്ചത് മറ്റൊന്നാണു ....
പപ്പായോട് ദേഷ്യം അന്ന് തോന്നിയെങ്കിലും പിന്നീട് അതുമായി പൊരുത്തപ്പെട്ടു ...കാലം അതൊരു വേദനിപ്പിക്കുന്ന ഒരോർമയായി മണിച്ചിത്രത്താഴ് എന്ന സിനിമയിലൂടെ ജീവിതത്തിൽ ഇപ്പോഴും ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു ...
ഓർമ്മകളെന്നത് ഒരായുസ്സിന്റെ ആകെ തുകയാണു ... കുഞ്ഞുനാളുമുതലുളള ഓർമ്മകൾ എല്ലാം ഓർമ്മിക്കുവാൻ ആർക്കും സാധിക്കില്ലാ ... പക്ഷേ നമ്മുടെ അന്തരാത്മാവിൽ തൊടുന്ന ഓർമ്മകൾക്ക് ഒരു ജന്മത്തിന്റെ ആയുസ്സുണ്ട് ... അത് സന്തോഷമായാലും ദുഃഖമായാലും ...അത് നമ്മുടെ മരണത്തോട് കൂടി മാത്രമേ നമ്മിൽ നിന്ന് വേർപെടുകയുളളു ...
അത് നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാണു ... അവിടെ യാഥാർദ്ധ്യങ്ങൾ യാഥാർദ്ധ്യങ്ങളായിത്തന്നെ നിലനിൽക്കും ...
ചിലരുടെ ജീവിതം തന്നെ നിലനിൽക്കുന്നത് ഒരു പിടി നല്ല ഓർമ്മകളുടെ മധ്യത്തിലാണു ... ആ ഓർമ്മകൾക്ക് ഒരു ജീവനെ,ഒരാത്മാവിനെ ഉയർത്തുവാനുളള അല്ലെങ്കിൽ ആത്മവിശ്വാസം നൽകുവാനുളള ശക്തിപോണക്കുമുണ്ട് ... ആ ഓർമ്മകൾ എന്നും അങ്ങനെതന്നെ ജീവിതത്തിൽ നിലനിൽക്കട്ടെ ...
കാർത്തിക....
No comments:
Post a Comment