സമയം രാത്രി 10.30.. ചുറ്റുമുള്ള ഫ്ലാറ്റുകളിലെ ലൈറ്റുകളെല്ലാം അണഞ്ഞിരിക്കുന്നു. ഈ ലോകം ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരിക്കുന്നത് ഒരു രസമാണ്. മുറിയിലെ ലൈറ്റണച്ച്, ജനാലക്കരികില്‍ വെറും നിലത്ത് ആകാശത്തിലെ നക്ഷത്രങ്ങളേയും നോക്കി കിടക്കുമ്പോള്‍ എനിക്ക് ചുറ്റും നിറഞ്ഞുനില്‍ക്കുന്നത് എന്‍റെ പ്രണയമാണ്... രാത്രിയോടുള്ള പ്രണയം... ഏകാന്തതയോടുള്ള പ്രണയം... പിന്നെ......
ജനാലയിലൂടെ
ഒഴുകിയെത്തുന്ന ഇളം തെന്നല്‍ എന്നെ തഴുകി എന്നിലെ പ്രണയത്തെ തൊട്ടുണര്‍ത്തുകയാണ്;
എന്‍റെ മുടിയിഴകളില്‍ തട്ടി തടഞ്ഞ് എന്‍റെ ശരീരത്തിലേക്കു ഒരു നനുത്ത കുളിര്‍മയായി
അതാഴ്ന്നിറങ്ങുന്നു... ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കും
ദാരിദ്ര്യമില്ലാത്തതുകൊണ്ട് ശരീരം മാത്രമേ ഇവിടെയുള്ളൂ മനസ്സ് ആകാശത്തിലെ
നക്ഷത്രങ്ങള്‍ക്കൊപ്പം എന്തോ തേടി അലയുകയാണ്....
നാളെ എന്‍റെ
അനിയത്തിയെ പ്രസവത്തിനായി കൂട്ടികൊണ്ട് വരുന്ന ചടങ്ങാണ്... പപ്പയുടെ അസുഖം കാരണം
അത് വലിയ ഒരു ചടങ്ങായി നടത്തുന്നില്ല. എന്നാലും എല്ലാവരുംകൂടി കൂടുമ്പോള്‍ അതൊരു
ആഘോഷമായി മാറും... റെഞ്ചി നാട്ടില്‍ പോകാന്‍ തീരുമാനിച്ചപ്പോഴെ പറഞ്ഞു അയാള്‍ ആ
പരിപാടിക്ക് പങ്കെടുക്കില്ലായെന്ന്‍... മമ്മി വിളിച്ചപ്പോള്‍ പറഞ്ഞു റെഞ്ചിയുടെ
മാതാപിതാക്കള്‍ക്കും അതില്‍ പങ്കെടുക്കുന്നതിന് അസൌകര്യം ഉണ്ടെന്ന്.. എന്നോട്
കാരണം തിരക്കി..
എന്‍റെ
മറുപടി, "നിങ്ങള്‍ അവര്‍ക്കു കൊടുത്ത ഈ മകള്‍ക്ക് അവരുടെ പ്രതീക്ഷകള്‍ക്കും ,
സ്വപ്നങ്ങള്‍ക്കുമൊപ്പം ഉയരുവാന്‍ സാധിച്ചില്ല.... എന്‍റെ കുഞ്ഞിനെ എനിക്ക് നഷ്ടപ്പെട്ടില്ലായിരുന്നുവെങ്കില്‍
റെഞ്ചിയും, അയാളുടെ മാതാപിതാക്കളും ഇതുപോലെയൊരു ചടങ്ങിനു സാക്ഷിയാവേണ്ടതല്ലേ....
അതിന്‍റെ വേദന അവരില്‍ എന്താണെങ്കിലും കാണും..." മറുതലയ്ക്കല്‍ ഒരു നിശബ്ദത മാത്രം നിറഞ്ഞു...
ഒരു ജന്മം
മുഴുവന്‍ ഒരു കുടുംബത്തിന്‍റെ ദുഃഖമായി നമ്മള്‍ മാറുമ്പോഴാണ് ഈ ജീവിതം കൊണ്ടുള്ള
പ്രയോജനം എന്തെന്ന് ചിന്തിച്ചു പോകുന്നത്...........
മനപൂര്‍വ്വമല്ലെങ്കില്‍
കൂടിയും അവരുടെ സ്വപ്‌നങ്ങള്‍ , സന്തോഷങ്ങള്‍, പ്രതീക്ഷകളെല്ലാം ഞാനൊരു വ്യക്തി
കാരണം അവര്‍ക്കു നിഷേധിക്കപ്പെടുമ്പോള്‍ അവരുടെ മുന്‍പില്‍, സമൂഹത്തിനു മുന്‍പില്‍ എനിക്ക് തല കുനിച്ചു
നില്‍ക്കേണ്ടി വരുന്നു....
റെഞ്ചിയും
അയാളുടെ മാതാപിതാക്കളും എന്നെ ജീവനുതുല്യം സ്നേഹിക്കുന്നുണ്ട്... എന്‍റെ
റെഞ്ചിയെന്നെ സ്നേഹിച്ചതുപോലെ ആരും എന്നെയീ ലോകത്തില്‍ സ്നേഹിച്ചിട്ടില്ല....
പക്ഷേ ആ സ്നേഹത്തിനുള്ളില്‍
മറഞ്ഞിരിക്കുന്ന അവരുടെ നിരാശയും ദുഃഖവും എനിക്ക് മനസ്സിലാക്കാന്‍ സാധിക്കും...
എനിക്ക് മാത്രമേ അത് മനസ്സിലാക്കുവാന്‍ കഴിയൂ...
ഒരു കുഞ്ഞിനു
ജന്മം നല്‍കാന്‍ സാധിക്കാത്തത് ഒരു സ്ത്രീയുടെ ഏറ്റവും വലിയ പരാജയം തന്നെയാണ്...
പക്ഷേ അതില്‍ ഞാന്‍ തികച്ചും
നിരപരാധിയാണ്... കാരണം എന്‍റെ വിധി എനിക്ക് സമ്മാനിച്ച ജീവിതം എനിക്ക്
ജീവിച്ചുതീര്‍ത്തേ പറ്റൂ.... അങ്ങനെയൊരു വിധി എനിക്കായി ജീവിതം
ഒരുക്കിയിട്ടുണ്ടെന്ന് ഞാന്‍ അറിഞ്ഞിരുന്നുവെങ്കില്‍ ഒരിക്കലും ആരുടെയും ജീവിതവും
സ്വപ്നങ്ങളും തകര്‍ക്കുവാന്‍ ആരുടേയും ജീവിതത്തിലേക്ക് ഞാന്‍ കടന്നു
ചെല്ലില്ലായിരുന്നു..
എന്‍റെ
റെഞ്ചിക്ക് അയാളെ ഒരുപാട് സ്നേഹിക്കുന്ന, അയാളുടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം
നല്‍കാന്‍ സാധിക്കുന്ന, അയാളുടെ ജീവിതത്തില്‍ എന്നും സന്തോഷം കൊണ്ടു നിറക്കുന്ന,
അയാളുടെ സ്വപ്നങ്ങളെല്ലാം സാധ്യമാക്കുന്ന ഒരാള്‍ അയാളുടെ ജീവിതത്തില്‍
തീര്‍ച്ചയായും കടന്നുവരണം.... തങ്ങളുടെ മകന്‍റെ കുഞ്ഞിനെ താലോലിക്കുവാനുള്ള ഭാഗ്യം
അയാളുടെ മാതാപിതാക്കള്‍ക്കും ഉണ്ടാകണം.....
ഒരു
ജന്മം മുഴുവന്‍ അവരുടെ ഇടയില്‍ ഒരു ദുഃഖമായി ജീവിക്കുന്നതിനേക്കള്‍ എത്രയോ
നല്ലതാണ് ഞാന്‍ എന്ന വ്യക്തി അവരുടെ ജീവിതത്തില്‍നിന്നും എന്നന്നേക്കുമായി
അകലുമ്പോള്‍ അവര്‍ക്കു ലഭിക്കുവാന്‍ പോകുന്ന സന്തോഷം........ അതെ എന്‍റെ മനസ്സും
ശരീരവും അതിനായി ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു.... ഒരുപക്ഷെ കഴിഞ്ഞ കുറച്ചു
നാളുകളായി എന്‍റെ ജീവിതത്തില്‍ നടന്ന ഓരോ അനുഭവങ്ങളും എന്നെ ആ ബോള്‍ഡായ
തീരുമാനത്തിലേക്ക് എത്തിച്ചേര്‍ക്കുവാനുള്ള നിയോഗങ്ങളായിതോന്നുന്നു.... ഞാനെന്ന
വ്യക്തിയെയും എന്‍റെ ജീവിതത്തെയും മുഴുവാനായും മാറ്റിമറിച്ചിരിക്കുന്നു അത്...
എന്‍റെ
റെഞ്ചിക്ക് ഈ ലോകത്തിലെ ഏറ്റവും ബെസ്റ്റ് ലൈഫ് തന്നെ എനിക്ക്
ഒരുക്കിക്കൊടുക്കണം.... പിന്നെ ഈ ലോകത്തില്‍നിന്നു ഞാന്‍ എന്ന വ്യക്തി
അപ്രത്യക്ഷമാകും ...ഈ ലോകത്തിന്‍റെ ഏതെങ്കിലും ഒരു കോണില്‍ ആരിലേക്കും
എത്തിപ്പെടാതെ എന്‍റെ എഴുത്തുകളുമായി ജീവിക്കണം... എന്നെയോര്‍ത്തു, ഞാന്‍
എന്ന വ്യക്തി കാരണം ഈ ലോകത്തില്‍ ആരും
വിഷമിക്കുവാന്‍ ഉണ്ടാകരുത്......
ആരും
എനിക്ക് കൂട്ടായി ഇല്ലെങ്കിലും എന്‍റെ അക്ഷരങ്ങളും എന്‍റെ പ്രണയവും എന്നും എന്‍റെ
കൂടെയുണ്ടാകും .... അവയെന്നെ എന്നും ജീവിക്കുവാന്‍ പ്രേരിപ്പിക്കും.... ഈ
ലോകത്തിന്‍റെ ഒരു കോണില്‍ ഞാന്‍ കാത്തിരിക്കും അതിന്‍റെ അനശ്വരമായ പൂര്‍ണതക്കായി..... സാക്ഷാല്‍ക്കാരത്തിനായി....
സമയം
ഇപ്പോള്‍ 12.30.. ഉറക്കം കണ്ണുകളെ തഴുകുവാന്‍
തുടങ്ങിയിരിക്കുന്നു... ഇനി നേരെ കട്ടിലിലേക്ക്... എന്‍റെ സ്വപ്‌നങ്ങളുടെ പ്രണയ
സല്ലാപങ്ങള്‍ക്കും ദൃശ്യങ്ങള്‍ക്കും സാക്ഷിയാകുവാന്‍....
മൊബൈലില്‍
നിന്നൊഴുകിയെത്തുന്ന സംഗീതത്തിന് താല്‍കാലികമായ വിരാമം ഇട്ടുകൊണ്ട് ഞാന്‍
ഉറങ്ങുവാന്‍ കിടന്നു.... എല്ലാം എന്നില്‍ നിന്ന് അകന്നുപോവുകയാണ്.... ഞാന്‍
തനിച്ചാവുകയാണ് എന്‍റെ ജീവിതത്തില്‍.....
No comments:
Post a Comment